Sunday, July 15, 2012


                നോക്കിയ 808 പ്യുവര്‍വ്യൂ ഇന്ത്യയിലും




മികച്ച ക്യാമറയും സ്മാര്‍ട്‌ഫോണിലെ അടിസ്ഥാന സംവിധാനങ്ങളും കൂടിച്ചേരുമ്പോഴാണ് ഒരു ഫോണിന് ക്യാമറഫോണ്‍ എന്നു പേരുകിട്ടുക. സ്മാര്‍ട്‌ഫോണുകള്‍ ഇഷ്ടംപോലെയുണ്ടെങ്കിലും ലക്ഷണമൊത്ത ക്യാമറഫോണ്‍ ഏതെന്ന ചോദ്യത്തിന് ഉത്തരമൊന്നേയുള്ളൂ- നോക്കിയ എന്‍ 8. കഴിഞ്ഞ രണ്ടുവര്‍ഷമായി എന്‍ 8 നെ വെല്ലാന്‍ മറ്റൊരു ഫോണും പിറവിയെടുത്തിരുന്നില്ല. എന്‍ 8 ന് മികച്ചൊരു പിന്‍ഗാമിയെ അവതരിപ്പിക്കുകയാണിപ്പോള്‍ നോക്കിയ. അവനാണ് 'നോക്കിയ 808 പ്യുവര്‍വ്യൂ'. ഒന്നും രണ്ടുമല്ല 41 മെഗാപിക്‌സല്‍ ഇമേജ് സെന്‍സറാണ് ഇതിലുള്ളത്.

ഈ വര്‍ഷം ഫിബ്രവരിയില്‍ സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് 808 പ്യുവര്‍ വ്യൂ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. 33,899 രൂപ വിലയിട്ടിരിക്കുന്ന ഈ ഫോണ്‍ കഴിഞ്ഞയാഴ്ച മുതല്‍ ഇന്ത്യയിലും ലഭിച്ചുതുടങ്ങി.

f/2.8 കാള്‍സെസ് ലെന്‍സ്, 4X ഒപ്ടിക്കല്‍ സൂം, ക്‌സെനന്‍ ഫ് ളാഷ്, വീഡിയോ റെക്കോഡിങിനായി എല്‍.ഇ.ഡി. ലൈറ്റ് എന്നിവയാണ് 808 ലെ ക്യാമറയുടെ മികവ് കൂട്ടുന്നത്. പിക്‌സലുകള്‍ കൂടുന്നതോടെ ചിത്രത്തിന്റെ വലിപ്പം കൂടും. സാധാരണഫോണിലുള്ള ക്യാമറയില്‍ എടുത്ത പടങ്ങള്‍ ഫോട്ടോഷോപ്പിലിട്ട് വലുതാക്കുമ്പോള്‍ അതിന്റെ ഡീറ്റെയില്‍സ് നഷ്ടപ്പെട്ട് അവ്യക്തമാകുന്നതു കണ്ടിട്ടില്ലേ. പിക്‌സലുകള്‍ കൂടുതലുളള ക്യാമറയിലെടുത്താല്‍ ആ പ്രശ്‌നം ഒഴിവാക്കാം. 41 മെഗാപിക്‌സല്‍ സെന്‍സറുള്ള 808 പ്യുവര്‍പ്യുവിലെടുത്ത ചിത്രങ്ങള്‍ കൊണ്ട് വമ്പന്‍ ഹോര്‍ഡിങുകള്‍ വരെ നിര്‍മിക്കാനാകും. എല്ലാ ചിത്രങ്ങളും 41 മെഗാപിക്‌സലില്‍ വേണ്ടെങ്കില്‍ അത് ക്രമീകരിക്കാനുള്ള സൗകര്യവും ഫോണിലുണ്ട്.

640/360 പിക്‌സല്‍സോടുകൂടിയ നാലിഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണ് 808 പ്യുവര്‍വ്യൂവിലുള്ളത്. പോറല്‍ വീഴാത്ത ഗൊറില്ലാഗ്ലാസും വെളിച്ചം കൂടുതലുള്ള സ്ഥലങ്ങളിലും സ്‌ക്രീന്‍ വ്യക്തമായി കാണാന്‍ സഹായിക്കുന്ന ക്ലിയര്‍ബ്ലാക്ക് സങ്കേതവും േഫാണിന്റെ മികവ് വര്‍ധിപ്പിക്കുന്നു.

നോക്കിയ 808 പ്യുവര്‍വ്യൂവില്‍ എടുത്ത ചിത്രം


1.3 ഗിഗാഹെര്‍ട്‌സ് എ.ആര്‍.എം.11 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 512 എംബി റാം, ഒരു ജിബി റോം എന്നിവയാണുള്ളത്. 16 ജിബി ഇന്‍ബില്‍ട്ട് മെമ്മറിയുമുണ്ട്. 41 മെഗാപിക്‌സല്‍ മോഡിലെടുത്ത ഒരു ചിത്രത്തിന് തന്നെ 10 എംബി വലിപ്പമുണ്ടാകുമെന്നതിനാല്‍ ഇത്രയും മെമ്മറിയില്ലെങ്കില്‍ കാര്യങ്ങള്‍ കുഴപ്പമാകും.

ഡോല്‍ബി ഡിജിറ്റല്‍ പ്ലസ്് ഓഡിയോ, ഡെഡിക്കേറ്റഡ് മൈക്ക്, ആക്ടീവ് േവായിസ് കാന്‍സലേഷന്‍, ആക്‌സിലറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ഡിജിറ്റല്‍ കോമ്പസ്, വീഡിയോ കോളിങിനായി ഫ്രണ്ട് ക്യാമറ, ജിപിഎസ്, എച്ച്ഡിഎംെഎ ഔട്ട്, എന്‍എഫ്‌സി തുടങ്ങി സ്മാര്‍ട്‌ഫോണിലെ സ്ഥിരം സംവിധാനങ്ങളൊക്കെ പ്യൂവര്‍വ്യുവറിലുമുണ്ട്.

അതേ ചിത്രത്തിന്റെ ഒരു ഭാഗം ക്രോപ്പ് ചെയ്‌തെടുത്തത് - ചിത്രങ്ങള്‍ക്ക് കടപ്പാട്: ബിസിനസ് ടുഡേ


നോക്കിയയുടെ ലൂമിയ 800 ന്റെ ബോഡി നിര്‍മ്മിച്ച പോളികാര്‍ബണേറ്റ് കൊണ്ടാണ് പ്യുവര്‍വ്യൂവും ബോഡി നിര്‍മിച്ചിരിക്കുന്നത്. പഴയ നോക്കിയ 3310 യെ ഓര്‍മിപ്പിക്കുന്ന കരുത്തന്‍ ബോഡിയാണിത്. സിംബിയന്റെ ബെല്ലെ ഒഎസിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. സിംബിയന്‍ ഫോണുകളുടെ പ്രത്യേകതയായ ബാറ്ററി ആയുസിന്റെ ഗുണം നോക്കിയ 808 പ്യുവര്‍വ്യുവിനും ലഭിച്ചിട്ടുണ്ട്. 1400 എംഎഎച്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സാധാരണ ഉപയോഗത്തിന് ഒന്നര ദിവസം വരെ ചാര്‍ജ് നില്‍ക്കും.

No comments:

Post a Comment